മട്ടാഞ്ചേരി: മരിച്ച ബന്ധുവിനെ കാണാനെത്തിയ വയോധികൻ മരണവീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. കൊച്ചി അമ്മായിമുക്ക് സ്വദേശിയും ഇപ്പോൾ പാലാരിവട്ടം സൗത്ത് ജനത റോഡിൽ സൺഷൈൻ സ്ട്രീറ്റിൽ താമസിക്കുകയും ചെയ്യുന്ന പരേതനായ ഖലീഫ മുഹമ്മദാലിയുടെ മകൻ എൻ.എം. അബ്ദുൽ ഹമീദ് (82) ആണ് മരിച്ചത്. ഹമീദിന്റെ ബന്ധു കൊച്ചങ്ങാടി വല്ലത്ത് വീട്ടിൽ വി.എച്ച്. നാസർ മരിച്ചതറിഞ്ഞ് പള്ളുരുത്തിയിലെ മകളുടെ വീട്ടിലെത്തിയതായിരുന്നു. മയ്യിത്ത് കണ്ടശേഷം കസേരയിൽ ഇരുന്ന ഹമീദ് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ പനയപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയ സംബന്ധമായ അസുഖം ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. മൃതദേഹം അമ്മായിമുക്കിലുള്ള സഹോദരന്റെ വസതിയിൽ. ഭാര്യ: ഹഫ്സ. മക്കൾ: സാദിഖ്, നസീമ, റസിയ. മരുമക്കൾ: ഷീമ, സൈത് മുഹമ്മദ്, അനീഷ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ 9.30ന് കൊച്ചങ്ങാടി ചെമ്പിട്ട പള്ളി ഖബർസ്ഥാനിൽ.