കാരാകുർശ്ശി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ യുവാവ് മരിച്ചു. കാരാകുർശ്ശി വാഴമ്പുറം കല്ലംചോല പുത്തൻപീടികക്കൽ സലീം, നിഷ ദമ്പതികളുടെ മകൻ മുഹമ്മദ് നിയാസാണ് (20) ഞായറാഴ്ച രാത്രി 11ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ എടായ്ക്കലിൽ വെള്ളിയാഴ്ച രാത്രി 7.45ന് യുവാവ് ഓടിച്ച ബൈക്കും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിക്കുകയായിരുന്നു. കൂടെ സഞ്ചരിച്ചിരുന്ന വാഴമ്പുറം മിദ്ലാജിന് (18) പരിക്കേറ്റിരുന്നുവെങ്കിലും അപകടനില തരണം ചെയ്തു. വാഴമ്പുറത്തുനിന്ന് സുഹൃത്തിനൊപ്പം തച്ചമ്പാറയിലേക്ക് പോകുന്ന വഴിയിലാണ് അപകടം. സാരമായി പരിക്കേറ്റ നിയാസിനെ ആദ്യം തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മണ്ണാർക്കാട്ടെയും പെരിന്തൽമണ്ണയിലെയും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിക്കുകയായിരുന്നു. നിയാസ് പോളിടെക്നിക്കിലെ മെക്കാനിക്ക് പഠനശേഷം പിതാവിനെ കാരാകുർശ്ശി അയപ്പൻകാവിലെ വർക്ക്ഷോപ്പിൽ സഹായിച്ച് വരുകയായിരുന്നു. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം വാഴമ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. സഹോദരങ്ങൾ: മുഹമ്മദ് നിഹാൽ, സൻഹ.