മറയൂർ: വേളാങ്കണ്ണി തീര്‍ഥയാത്ര കഴിഞ്ഞ് മടങ്ങിയ മറയൂർ സ്വദേശികളുടെ വാഹനം തമിഴ്നാട്ടില്‍ അപകടത്തിൽപെട്ട് വിദ്യാർഥി ഉൾപ്പെടെ രണ്ട് മരണം. കോവില്‍ക്കടവ് ആനക്കാല്‍പെട്ടി എളംബ്ലാശ്ശേരി വീട്ടില്‍ ജോർജ് (റോയ്)-സിനി ദമ്പതികളുടെ മകന് എറിക് ജോർജ് (11), ബിഹാര്‍ സ്വദേശി ലേഡന്‍ പ്രസാദ് (37) എന്നിവരാണ് മരിച്ചത്. കോവില്‍ക്കടവിലെ ഫ്രണ്ട്സ് ബേക്കറിയുടമ ജോർജ്, ഭാര്യ സിനി, മക്കളായ എറിക്, ഇവാന് എന്നിവര്‍ വെള്ളിയാഴ്ചയാണ് വേളാങ്കണ്ണിയിലേക്ക് പോയത്. കഴിഞ്ഞദിവസം മടങ്ങി വരും വഴി ഉച്ചക്ക് ഒന്നരയോടെ ദിണ്ടിഗൽ വടമധുര ശിവമില്ലിന് സമീപം ഇടവഴിയില്‍നിന്ന് സൈക്കിളില്‍ മെയിൻ റോഡിലേക്ക് പ്രവേശിച്ച ലേഡൻ പ്രസാദിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം. വാഹനം ഓടിച്ച ജോർജിനൊപ്പം മുന്‍വശത്തെ സീറ്റിലായിരുന്നു എറിക്. പരിക്കേറ്റ എറിക്കിനെ വടമധുര ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി ഒമ്പതോടെ മരിച്ചു. മുന്‍വശത്തെ ഗ്ലാസില്‍ ഇടിച്ചതിനെത്തുടർന്ന് തലക്കേറ്റ ക്ഷതമാണ് മരണകാരണം. ലേഡൻ പ്രസാദ് സംഭവ സ്ഥലത്തുതന്നെ മരിച്ചു.