വള്ളികുന്നം: ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷിക ചടങ്ങുവേദിയിൽ പാട്ട് പാടിയ ശേഷം പാചകക്കാരൻ കുഴഞ്ഞുവീണു മരിച്ചു. തെക്കനാര്യാട് മാമൂട് നബീസ മൻസിലിൽ സിദ്ദീഖാണ് (സീതിമോൻ -54) മരിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. പാടിയ ശേഷം ഉപഹാരം വാങ്ങി ഇറങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഊട്ടുപുര ചാരിറ്റബിൾ സൊസൈറ്റി ചൂനാട്ട് നടത്തുന്ന കോഫി കഫേയിലെ മുഖ്യപാചകക്കാരനായിരുന്നു. കഴിഞ്ഞ അഞ്ചു വർഷമായി ഇലിപ്പക്കുളം നഗരൂർ വീട്ടിൽ വാടകക്ക് താമസിക്കുകയായിരുന്നു. ആലപ്പുഴ കിഴക്കേ ജുമാമസ്ജിദിൽ ഖബറടം നടത്തി. ഭാര്യ: റഹീല. മക്കൾ: നൈസാം (മസ്കത്ത്), ബിസ്മി, ആസിയ. മരുമകൻ: സജീം.