പീരുമേട്: ബൈക്കിൽനിന്ന് വീണ യുവതി തലയിൽ ബസ് കയറി മരിച്ചു. കരടിക്കുഴിയിലെ തേയില തോട്ടത്തിൽ താമസിക്കുന്ന അലക്സാണ്ടറുടെ ഭാര്യ സുശീലയാണ് (48) മരിച്ചത്. ദേശീയപാത 183ൽ പെരുവന്താനത്തിന് സമീപം ചുഴുപ്പിൽ ഭർത്താവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ വളവിൽ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ പിന്നിലേക്ക് തെന്നിവീണ സുശീലയുടെ തലയിലൂടെ പിന്നാലെ എത്തിയ ബസ് കയറുകയായിരുന്നു. സുശീല സംഭവസ്ഥലത്ത് മരിച്ചു. തിങ്കളാഴ്ച രാവിലെ 8.15നാണ് അപകടം. കൊടുംവളവായ ഇവിടെ കഴിഞ്ഞ പ്രളയകാലത്ത് റോഡിന്റെ വശം ഇടിഞ്ഞിരുന്നു. റോഡരികിൽ ടാർ വീപ്പകൾ നിരത്തിവെച്ചിരിക്കുന്നതിനാൽ ഒരു വാഹനത്തിന് മാത്രമേ കടന്നുപോകാനാകൂ. അപകടത്തെത്തുടർന്ന് 30 മിനിറ്റോളം ഗതാഗതം സ്തംഭിച്ചു.