കുഴൽമന്ദം: ബ്രെയിൻ ട്യൂമർ ബാധിച്ച് മാസങ്ങളായി ആലുവയിലെ രാജഗിരി ആശുപത്രിയിൽ ചികിത്സയിലിരുന്ന ലിയാന (12) സുമനസ്സുകളുടെ സഹായത്തിന് കാത്തുനിൽക്കാതെ വിടവാങ്ങി. അബൂ താഹിർ -ജാസ്മിന ദമ്പതികളുടെ മകളാണ്. ചികിത്സച്ചെലവ് ഭാരിച്ചതായതിനാൽ നാട്ടുകാരും പൊതുജനങ്ങളും കുടുംബശ്രീ പ്രവർത്തകരും ഓട്ടോ തൊഴിലാളികളും പണം സ്വരൂപിച്ചു നൽകിയിരുന്നു. ചികിത്സക്ക് പണം കണ്ടെത്താനായി കഴിഞ്ഞ ദിവസം ആലത്തൂർ തോണിപ്പാടം കൊളറോഡ് കാളപ്പൂട്ട് കമ്മിറ്റി നേതൃത്വത്തിൽ കന്നുതെളി മത്സരം നടത്തിയിരുന്നു. കുത്തനൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. സഹോദരങ്ങൾ: റിയ നസ്രീൻ, ദിയ സിബി. പറവണി പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.