അടിമാലി: കാട്ടാനയെക്കണ്ട് ഭയന്നോടുന്നതിനിടെ പാറയിൽനിന്ന് വീണ അന്തർ സംസ്ഥാന തൊഴിലാളി മരിച്ചു. മധ്യപ്രദേശ് സ്വദേശി സുദർശനനാണ് (27) മരിച്ചത്. അടിമാലി പീച്ചാട് സ്വകാര്യ എസ്റ്റേറ്റിൽ വ്യാഴാഴ്ച രാവിലെ 10ഓടെയാണ് സംഭവം. കാട്ടാനശല്യം രൂക്ഷമായ തോട്ടത്തിൽ വേലി നിർമാണത്തിൽ ഏർപ്പെട്ട നാലംഗ തൊഴിലാളി സംഘത്തെയാണ് കാട്ടാന ആക്രമിച്ചത്. കൂടെയുണ്ടായിരുന്ന ഇരട്ടയാർ സ്വദേശി വരണവാസിന് (34) തുമ്പിക്കൈ കൊണ്ടുള്ള ആക്രമണത്തിൽ പരിക്കേറ്റു. ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭയന്നോടിയ സുദർശനനെ ഒപ്പമുണ്ടായിരുന്നവർ അന്വേഷിച്ചെത്തിയപ്പോഴാണ് പാറയിടുക്കിൽ വീണ് കിടക്കുന്നതായി കണ്ടത്. അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം മോർച്ചറിയിൽ. സുദർശനനെ ആന ആക്രമിച്ചോയെന്ന കാര്യത്തിൽ വ്യക്തത ലഭിക്കാൻ പോസ്റ്റ്മോർട്ടം നടപടി പൂർത്തീകരിക്കണമെന്ന് അടിമാലി പൊലീസ് പറഞ്ഞു.