വൈക്കം: കോട്ടയത്തുനിന്ന് കാണാതായ യുവാവിനെ തലയോലപ്പറമ്പ് പൊതി റെയിൽവേ ട്രാക്കിനുസമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുടമാളൂർ മമ്പള്ളിൽ പരേതനായ പ്രദീപിന്റെ മകൻ പ്രശാന്തിനെയാണ് (30) മരിച്ചനിലയിൽ കണ്ടെത്തിയത്. ടൈൽ നിർമാണ തൊഴിലാളിയായ യുവാവിനെ കഴിഞ്ഞ 25 മുതലാണ് കാണാതായത്. തുടർന്ന്, മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആപ്പാഞ്ചിറ വൈക്കം റോഡ് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ഇയാളുടെ സ്കൂട്ടറും ഫോണും കണ്ടെത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെ 11.30ഓടെ പൊതി റെയിൽവേ ട്രാക്കിനുസമീപം റെയിൽവേ പുറമ്പോക്കിലെ പുളിമരത്തിൽ തൂങ്ങിയനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മാനസികപ്രശ്നം ഉണ്ടായിരുന്ന യുവാവ് ഏറെനാളായി ചികിത്സയിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. തലയോലപ്പറമ്പ് എസ്.ഐ പി.എസ്. സുധീറിന്റെ നേതൃത്വത്തിൽ തലയോലപ്പറമ്പ് പൊലീസ് നടപടി സ്വീകരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. മാതാവ്: ഓമന.