കുന്നുകര: മുറിക്കുന്നതിനിടെ പന ദേഹത്തുവീണ് കുന്നുകര ചാലാക്ക വിതയത്തിൽ വീട്ടിൽ റാഫേൽ (64) മരിച്ചു. തേലത്തുരുത്തിൽ വെള്ളിയാഴ്ച രാവിലെ 11നായിരുന്നു അപകടം. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പറമ്പിന്റെ മേൽനോട്ടക്കാരനാണ് റാഫേൽ. പനയുടെ അടിഭാഗം വാളിന് മുറിച്ചശേഷം വടംവലിക്കുന്നതിനിടെ റാഫേൽ കാൽവഴുതി വീഴുകയും മരം ദേഹത്തേക്കുവീഴുകയുമായിരുന്നു. ഉയരംകൂടിയ പനയിൽ കെട്ടിയിരുന്ന വടത്തിന് നീളംകുറവായിരുന്നതിനാൽ മരത്തിനുതാഴെനിന്നാണ് വടംവലിച്ചത്. അവശനിലയിലായ റാഫേലിനെ ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പറവൂർ ഗവ. ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ലൂസി. മക്കൾ: ജിജോ, ഗീതു, നീതു. മരുമക്കൾ: ഷിജി, തോഷിദ്, റയോൺ.