വരാപ്പുഴ: തത്തപ്പിള്ളി സ്കൂളിനുസമീപം പറമ്പിൽനിന്ന് അസ്ഥികൂടം കണ്ടെത്തി. തത്തപ്പിള്ളി മഠത്തിപറമ്പിൽ അനിലന്റേതാണെന്നാണ് (49) പൊലീസിന്റെ പ്രാഥമിക നിഗമനം. ഇക്കഴിഞ്ഞ ജൂലൈ ഒന്നുമുതൽ ഇയാളെ കാണാതായതിനെത്തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ പറവൂർ പൊലീസ് കേസെടുത്തിരുന്നു. മരത്തിൽ കെട്ടിത്തൂങ്ങിയ നിലയിലും താഴെ മണ്ണിലുമായിട്ടാണ് കണ്ടെത്തിയത്. കാടുപിടിച്ചുകിടന്ന പറമ്പ് ശനിയാഴ്ച ഉച്ചയോടെ വൃത്തിയാക്കുന്നതിനിടെയാണ് അസ്ഥികൂടത്തിന്റെ കുറച്ചു ഭാഗങ്ങൾ മരത്തിൽ തൂങ്ങിക്കിടക്കുന്നത് കാണുന്നത്. തുടർന്ന് പൊലീസ്, ഫോറൻസിക് വിദഗ്ധർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. ശേഖരിച്ച അസ്ഥികൾ ഡി.എൻ.എ ടെസ്റ്റിനയക്കും. വസ്ത്രങ്ങളും ചെരുപ്പും അനിലന്റെയാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അവിവാഹിതനായിരുന്നു ഇദ്ദേഹം.