മഞ്ചേരി: കൂട്ടുകാരോടൊപ്പം കുളിക്കാൻ പോയ വിദ്യാർഥി ക്വാറിയിലെ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു. കോട്ടക്കൽ രണ്ടത്താണി പൂവൻചിന കോട്ടയിൽ വീട്ടിൽ കുഞ്ഞാലിയുടെ മകൻ നാദിസ് അലിയാണ് (19) മരിച്ചത്. ഇരുമ്പുഴി വടക്കുംമുറി പാറക്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ ഞായറാഴ്ച രാവിലെ എട്ടോടെയാണ് അപകടം. ഇതിനോട് ചേർന്ന വിദ്യാഭ്യാസ സ്ഥാപനത്തിലെ മൂന്ന് കുട്ടികളാണ് കുളിക്കാനെത്തിയത്. 30 അടിയോളം വെള്ളം നിറഞ്ഞുനിൽക്കുന്ന പാറമടയാണിത്. സുഹൃത്തുക്കളും നാട്ടുകാരും രക്ഷപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. മഞ്ചേരി അഗ്നിരക്ഷാസേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മഅദിൻ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയാണ്. മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി. മൃതദേഹം തിങ്കളാഴ്ച രാവിലെ എട്ടിന് പൂവൻചിന ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. മാതാവ്: നസീമ. സഹോദരങ്ങൾ: നജീബലി, നവാസലി, നസീബലി.