കോലഞ്ചേരി: പരാതിക്കാരനൊപ്പം കുന്നത്തുനാട് പൊലീസ് സ്റ്റേഷനിലെത്തിയ മാതാവ് കുഴഞ്ഞുവീണ് മരിച്ചു. വലമ്പൂർ തട്ടാംമുഗൾ കുരുമോളത്ത് ഏലിയാമ്മയാണ് (77) മരിച്ചത്. തിങ്കളാഴ്ച രാവിലെ 11ഓടെ മകൻ ബാബുവിനൊപ്പമാണ് സ്റ്റേഷനിലെത്തിയത്. ബന്ധുക്കൾ തമ്മിൽ നാളുകളായി നിൽക്കുന്ന വഴിത്തർക്കം സംബന്ധിച്ച് ബാബു നൽകിയ പരാതിയിൽ എതിർകക്ഷികളോട് തിങ്കളാഴ്ച സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ബാബുവിനൊപ്പം മാതാവും സ്റ്റേഷനിൽ എത്തിയത്. പരാതിക്കാരനും എതിർകക്ഷികളുമായി എസ്.ഐയുടെ മുറിയിൽ സംസാരിച്ചുനിൽക്കുന്നതിനിടെ സ്റ്റേഷനിലെ സന്ദർശകമുറിയിൽ ബന്ധുക്കൾക്കൊപ്പം ഇരിക്കുകയായിരുന്ന ഏലിയാമ്മ കുഴഞ്ഞുവീഴുകയായിരുന്നു. ബന്ധുക്കൾ ഉടൻ പഴങ്ങനാട് സമരിറ്റൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവ്: വർഗീസ്. മറ്റുമക്കൾ: ബിജു, ഷിജു, ഷാന്റി. സംസ്കാരം പിന്നീട്.