കല്ലറ: നീണ്ടൂര്‍ റോഡില്‍ മുടക്കാലിയില്ബൈക്ക് മരക്കുറ്റിയില്‍ ഇടിച്ച് യുവാവ് മരിച്ചു. നീണ്ടൂര്‍ പുത്തന്‍പ്രാലേല്‍ ജോര്‍ജ് കുട്ടി എന്ന സോജന് തമ്പിയാണ് (35) മരിച്ചത്. ബൈക്കോടിച്ചിരുന്ന നീണ്ടൂര്‍ പെരുമാപ്പാടം ആന്‍സനെ പരിക്കുകളോടെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച 10.45ന് നീണ്ടൂര്‍ പള്ളിക്ക് സമീപം നടന്ന വടംവലി മത്സരത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇവർ. മറ്റൊരു വാഹനം എതിര്‍ദിശയില്‍ വന്നപ്പോള്‍ സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണംവിട്ട ബുള്ളറ്റ് മരക്കുറ്റിയില്‍ ഇടിക്കുകയായിരുന്നു. രണ്ടുപേരെയും നാട്ടുകാര്‍ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സോജന് മരിച്ചിരുന്നു. സോജന്റെ തല മരക്കുറ്റിയില്‍ ഇടിച്ച് ആഴത്തിൽ മുറിവേറ്റിരുന്നു. ആന്സന് സമീപത്തെ കുളത്തിലേക്ക് മറിഞ്ഞതിനാല്‍ കൂടുതല്‍ പരിക്കുണ്ടായില്ല. ഏറ്റുമാനൂര്‍ പൊലീസ് സ്ഥലത്തെത്തി. പ്രാലേല്‍ ജങ്ഷനില്‍ സിമന്റുകട്ട ബിസിനസ് നടത്തുകയായിരുന്നു സോജന്. നീണ്ടൂര്‍ പ്രാലേല്‍ വീട്ടില്‍ തമ്പിയുടെയും-ഏലിയാമ്മയുടെയും മകനാണ്. ഭാര്യ: ജെസ്ന. മക്കള്‍: നിക്കി, നിലാന, മൈക്കിള്‍. സംസ്കാരം വ്യാഴാഴ്ച മൂന്നിന് നീണ്ടൂര്‍ സെന്റ് മൈക്കിള്‍ പള്ളി സെമിത്തേരിയില്‍.