തൊടുപുഴ: കഴുത്തിൽ കുരുക്കിട്ട് മരിക്കാൻ പോകുകയാണെന്ന് ഭാര്യയെ വിഡിയോ കാളിൽ വിളിച്ചറിയിച്ച് യുവാവ് ജീവനൊടുക്കി. കട്ടപ്പന സ്വദേശി കുന്നേൽ ജയ്സണാണ് (25) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് നാലോടെ തൊടുപുഴ ജില്ല വിദ്യാഭ്യാസ ഓഫിസിന് സമീപം ഡയറ്റ് ക്വാർട്ടേഴ്സിലായിരുന്നു സംഭവം. ജയ്സന്റെ മാതാവ് ഡയറ്റിൽ ജീവനക്കാരിയാണ്. ഭാര്യ തിരുവനന്തപുരത്തെ വീട്ടിലായിരുന്നതിനാൽ ക്വാർട്ടേഴ്സിൽ ഇയാൾ തനിച്ചായിരുന്നു. ജീവനൊടുക്കാൻ പോകുകയാണെന്ന് ഇയാൾ വിളിച്ചുപറഞ്ഞ വിവരം ഭാര്യ ഉടൻ ഏറ്റുമാനൂരിലുള്ള സുഹൃത്തിനെ അറിയിച്ചു. ഇദ്ദേഹം ജയ്സണെ പലതവണ വിളിച്ചെങ്കിലും ഫോണടുത്തില്ല. തുടർന്ന് ഇദ്ദേഹം മറ്റൊരു സുഹൃത്തിനെ വിളിച്ചു വിവരം പറഞ്ഞു. ഇയാൾ തൊടുപുഴ എസ്.ഐയെ വിളിച്ച് സഹായം അഭ്യർഥിക്കുകയായിരുന്നു. പൊലീസ് സംഘവും ഫയർഫോഴ്സും ഉടൻ ക്വാർട്ടേഴ്സിൽ എത്തിയെങ്കിലും ജയ്സൺ തൂങ്ങിയ നിലയിലായിരുന്നു. കെട്ടഴിച്ച് ഫയർഫോഴ്സ് ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ.