കമ്പളക്കാട് (വയനാട്): ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഒമ്പതാം ക്ലാസുകാരിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ കൊഴിഞ്ഞങ്ങാട് കോളനിയിലെ വെള്ളിയുടെയും ഗീതയുടെയും മകൾ ഗ്രീഷ്മയെയാണ് (14) വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കണിയാമ്പറ്റ ഗവ. എച്ച്.എസ്.എസിലെ ഒമ്പതാം തരം വിദ്യാർഥിനിയായ ഗ്രീഷ്മ കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സ്കൂളിൽനിന്ന് തിരിച്ചെത്തിയിരുന്നു. വൈകീട്ടോടെ ആരോഗ്യസ്ഥിതി വഷളാവുകയും പുലർച്ചെ മരിക്കുകയുമായിരുന്നു. ഛർദിച്ച് അവശയായിട്ടും ഗ്രീഷ്മയെ ചികിത്സിക്കാൻ തയാറായില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. സ്ഥലത്തെത്തിയ കമ്പളക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.