എടക്കര: എടക്കര മുപ്പിനിയില്‍ വനാതിര്‍ത്തിയിലെ തോട്ടില്‍ ഗൃഹനാഥനെ മരിച്ചനിലയിൽ കണ്ടെത്തി. ചുങ്കത്തറ കുന്നത്ത് പുളിമൂട്ടില്‍ ജോര്‍ജ്കുട്ടിയെയാണ് (48) മരിച്ചനിലയില്‍ കണ്ടെത്തിയത്. ജോര്‍ജ്കുട്ടിയുടെ മൃതദേഹത്തിന് മീറ്ററുകൾ അടുത്തായി കാട്ടുപന്നിയുടെ ജഡവുമുണ്ട്. വ്യാഴാഴ്ച രാവിലെയാണ് തോട്ടില്‍ മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകീട്ട് വീട്ടില്‍നിന്ന് പോയ ഇയാളെ കാണാനില്ലെന്നു കാണിച്ച് ബന്ധുക്കൾ ബുധനാഴ്ച എടക്കര പൊലീസിൽ പരാതി നൽകിയിരുന്നു. വ്യാഴാഴ്ച രാവിലെ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തോട്ടിലെ വെള്ളത്തില്‍ കിടന്നിരുന്ന മൃതദേഹത്തിന്റെ തലഭാഗം കരയോട് ചേര്‍ന്ന നിലയിലായിരുന്നു. വിവരമറിഞ്ഞ് എടക്കര പൊലീസ് ഇന്‍സ്പെക്ടര്‍ എന്‍.ബി. ഷൈജുവിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തി. നിലമ്പൂര്‍ വനം റേഞ്ച് ഓഫിസര്‍ അന്‍വര്‍, വള്ളുവശേരി സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ വി. ശ്രീജിത്ത്, എടക്കര വൈദ്യുതി സെക്ഷന്‍ ഓഫിസിലെ സബ് എന്‍ജിനീയര്‍മാരായ മെല്ബിന് ആന്റണി, സാജന് എന്നിവരും മലപ്പുറത്തുനിന്ന് ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. എടക്കര വെറ്ററിനറി സര്ജൻ ഡോ. ചിന്നു, മൂത്തേടം വെറ്ററിനറി സർജൻ ശ്യാം എന്നിവരുടെ നേതൃത്വത്തില്‍ കാട്ടുപന്നിയുടെ ജഡം പോസ്റ്റ്മോര്‍ട്ടം ചെയ്തു. എന്നാല്‍, പ്രാഥമിക പരിശോധനയില്‍ പന്നി ചത്തതിന്റെ കാരണം വ്യക്തമായിട്ടില്ല. വിദഗ്ധ പരിശോധനകള്‍ക്കായി പന്നിയുടെ ആന്തരികാവയവങ്ങള്‍ പൂക്കോട്ട് ലാബിലേക്ക് അയക്കും. ജോർജ് കുട്ടിയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്നാണ് അധികൃതര്‍ പറയുന്നത്. ജോർജ് കുട്ടിയുടെ ഭാര്യ: മോളി. മക്കൾ: ജെയിൻ, ജെനി. മരുമക്കൾ: ടോണി, റീമ.