കട്ടപ്പന: ഏലം സ്റ്റോർ നിർമാണത്തിനിടെ ഇലക്ട്രീഷ്യൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. ഉപ്പുതറ ഒമ്പതേക്കർ മറ്റപ്പള്ളിക്കവല കാലാമുരിങ്ങയിൽ കെ.വി. ആഗസ്തിയുടെ മകൻ ആൽവിനാണ് (28) മരിച്ചത്. വണ്ടന്മേട് ചേറ്റുകുഴിയിൽ വ്യാഴാഴ്ച വൈകീട്ട് മൂന്നോടെയാണ് അപകടം. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ഏലം സ്റ്റോർ നിർമാണ ഭാഗമായി വൈദ്യുതീകരണ ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. വീട്ടിൽനിന്ന് ഇവിടേക്ക് വൈദ്യുതി എത്തിക്കാൻ സ്ഥാപിച്ച എക്സ്റ്റൻഷൻ ബോക്സിൽനിന്നാണ് ഷോക്കേറ്റത്. ഉടൻ പുറ്റടി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വണ്ടന്മേട് പൊലീസ് നടപടി സ്വീകരിച്ചു. മാതാവ്: ആൻസി. സഹോദരൻ: മാർട്ടിൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്കുശേഷം ഉപ്പുതറ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.