പട്ടാമ്പി: പൊട്ടിവീണ വൈദ്യുതി ലൈൻ ശരിയാക്കുന്നതിനിടെ കെ.എസ്.ഇ.ബി ലൈൻമാൻ ഷോക്കേറ്റ് മരിച്ചു. ഓങ്ങല്ലൂർ സെക്ഷൻ ഓഫിസിലെ ലൈൻമാൻ തരൂർ പഴമ്പാലക്കോട് ആലിങ്ങൽ വീട്ടിൽ പ്രമോദാണ് (39) മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11ഓടെ ഓങ്ങല്ലൂർ പാറപ്പുറം മുത്താണിക്കുഴിയിൽ വൈദ്യുതി തൂണിനുമുകളിൽ കയറി പൊട്ടിവീണ ലൈനിൽ പ്രവൃത്തി നടത്തുന്നതിനിടെയാണ് ഷോക്കേറ്റത്. പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) പട്ടാമ്പി ഡിവിഷൻ കമ്മിറ്റി അംഗവും തിരുവേഗപ്പുറ യൂനിറ്റ് സെക്രട്ടറിയുമായ പ്രമോദ് കഴിഞ്ഞയാഴ്ചയാണ് തിരുവേഗപ്പുറ സെക്ഷൻ ഓഫിസിൽനിന്ന് ഓങ്ങല്ലൂരിലേക്ക് സ്ഥലം മാറിവന്നത്. സംഭവമറിഞ്ഞ് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി പട്ടാമ്പി താലൂക്ക് ആശുപത്രിയിലെത്തി പ്രമോദിന്റെ ബന്ധുക്കളെ ആശ്വസിപ്പിച്ചു. അപകടത്തിന്റെ വിശദാംശങ്ങൾ മന്ത്രി ഉദ്യോഗസ്ഥരോട് ആരാഞ്ഞു. പിതാവ്: മാധവന്. മാതാവ്: തങ്ക. ഭാര്യ: ദിവ്യ. മക്കള്: പ്രജോയ്, പ്രണോയ്.