ചിറ്റൂർ: പൊൽപ്പുള്ളി പഞ്ചായത്ത് കല്ലുകൂട്ടിയാലിൽ മിൽമ ടാങ്കർ ലോറി പാടത്തേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. പാലക്കാട് അകത്തേതറ കല്ലേകുളങ്ങര പതിയാർ വീട്ടിൽ കുഞ്ചുവിന്റെ മകൻ കണ്ണൻ (56) ആണ് വാഹനത്തിനടിയിൽപ്പെട്ട് മരിച്ചത്.വെള്ളിയാഴ്ച വൈകുന്നേരം ആറോടെ കല്ലുകുട്ടിയാലിന് സമീപത്തെ അപകടവളവിലാണ് സംഭവം. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡിന് എതിർ വശത്തെ പാടത്തേക്ക് മറിയുകയായിരുന്നു. അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ ഹൈഡ്രോളിക് ഉപകരണങ്ങൾ ഉപയോഗിച്ച് ഡ്രൈവറെ പുറത്തെടുത്ത് ജില്ല ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചിറ്റൂർ അഗ്നിരക്ഷ നിലയത്തിലെ അസി. സ്റ്റേഷൻ ഓഫിസർ ജയ്സൺ ഹിലാരിയോസിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ പി.എസ്. സന്തോഷ് കുമാർ, വി. കണ്ണദാസ്, എം. ശ്രീജൻ, മുഹമ്മദ് ഷഫീർ, ജെ. ജിജു, എം. സന്തോഷ് കുമാർ, എം. മനോജ് എന്നിവർ സ്ഥലത്തെത്തി.