അങ്കമാലി: എം.സി റോഡിൽ വേങ്ങൂർ വിശ്വജ്യോതി സ്കൂളിനുസമീപം ലോറിയിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. എൽ.എഫ് ആശുപത്രിക്ക് സമീപത്തെ എയർകോൺ എയർ കണ്ടീഷൻ ആൻഡ് റഫ്രിജറേഷൻ സ്ഥാപന ഉടമ മരോട്ടിച്ചോട് മലേക്കുടി ദേവസിക്കുട്ടിയുടെ മകൻ മാർട്ടിനാണ് (35) മരിച്ചത്. വേങ്ങൂർ വിശ്വജ്യോതി സ്കൂളിനുസമീപം എം.സി റോഡിലെ വളവിൽ നിർത്തിയിട്ടിരുന്ന മരത്തടി കയറ്റിയ ലോറിയിൽ മാർട്ടിൻ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി 10നായിരുന്നു അപകടം. അപകടത്തിൽപെട്ട ലോറി പ്രദേശത്തെ സി.സി.ടി.വി ദൃശൃങ്ങൾ പരിശോധിച്ചാണ് കണ്ടെത്തിയത്.