അഗളി: അട്ടപ്പാടി താവളത്ത് കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. പാലക്കാട് കുനിശ്ശേരി പാറക്കുളം അരക്കോട് വീട്ടിൽ സന്ദീപാണ് (34) മരിച്ചത്. ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കാൻ വേണ്ടി കുഴിയെടുക്കുന്നതിനിടെ ശനിയാഴ്ച വൈകീട്ട് 4.15നാണ് അപകടം.പൈപ്പുകൾ കൂട്ടിയോജിപ്പിക്കുന്നതിന്റെ ഭാഗമായി കുഴിയിൽ ഇറങ്ങിയപ്പോഴാണ് ഒരു ഭാഗം ഇടിഞ്ഞു വീണത്. 30 മിനിറ്റോളം മണ്ണിനടിയിൽ കുടുങ്ങിക്കിടന്ന സന്ദീപിനെ അഞ്ചോടെ പുറത്തെടുത്തെങ്കിലും കാലുകൾ പൈപ്പിൽ കുടുങ്ങിയ അവസ്ഥയിലായിരുന്നു. തുടർന്ന് മണ്ണ് മുഴുവൻ മാറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മൃതദേഹം അഗളി സർക്കാർ ആശുപത്രി മോർച്ചറിയിൽ. പൈപ്പ് ഫിറ്ററാണ് മരിച്ച സന്ദീപ്. നാരായണൻ-സരസ്വതി ദമ്പതികളുടെ മകനാണ്. ഭാര്യ: ആരതി.