ചാരുംമൂട്: അനുജന്റെ മരണവാർത്തയറിഞ്ഞ് കുഴഞ്ഞുവീണ ജ്യേഷ്ഠനും മരിച്ചു. മാവേലിക്കര താമരക്കുളം കുഴിവിളയിൽ ജലീൽ റാവുത്തർ (67), ജ്യേഷ്ഠൻ താമരക്കുളം കുഴിവിളയിൽ കുടുംബാംഗം വർക്കല മാന്ത്ര ഇടവ ഫാത്തിമ മൻസിലിൽ ഹാലിദ് റാവുത്തർ (73) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച സന്ധ്യയോടെയാണ് ജലീൽ റാവുത്തർ മരിച്ചത്. രോഗബാധിതനായിരുന്ന ഇദ്ദേഹം ഏറെ നാളായി വീട്ടിൽ വിശ്രമത്തിലായിരുന്നു. ഇദ്ദേഹത്തിന്റെ മരണവിവരം ബന്ധുക്കൾ വർക്കലയിലുള്ള ഹാലിദ് റാവുത്തറെ അറിയിച്ചിരുന്നു. അനുജന്റെ മരണവിവരം കേട്ടയുടൻ കുഴഞ്ഞുവീണ ഹാലിദ് റാവുത്തറെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി 10 ഓടെ മരിച്ചു. ഇരുവരുടെയും ഖബറടക്കം നടത്തി. ഉമൈബാൻ ബീവിയാണ് ഹാലിദിന്റെ ഭാര്യ. ഷാജി, അഷ്റഫ്, അസീബ്, റസീന, ജൂലി എന്നിവർ മക്കളും റീജ, റഹീന, ഷഹീന, അജിത് എന്നിവർ മരുമക്കളുമാണ്. ജലീലിന്റെ ഭാര്യ നബീസത്ത് ബീവി. മക്കൾ: ഹാരിസ്, ബീന, നിഷ. മരുമക്കൾ: ഷംല, മുജീബ്, ഷംനാദ്.