മണ്ണഞ്ചേരി: നിർമാണത്തിലിരുന്ന വീടിന്റെ മേൽക്കൂരയിൽനിന്ന് നിലത്ത് പതിച്ച കോൺക്രീറ്റ് സ്ലാബിനടിയിൽപെട്ട് കെട്ടിട നിർമാണ തൊഴിലാളി മരിച്ചു. സഹപ്രവർത്തകരായ രണ്ടുപേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
മാരാരിക്കുളം തെക്ക് പഞ്ചായത്ത് നാലാം വാർഡ് കുറുക്കഞ്ചിറ കോളനി കരോട്ടുവെളി വീട്ടിൽ പ്രശാന്ത് (മണിക്കുട്ടൻ -42) ആണ് മരിച്ചത്. നട്ടെല്ലിനും കാലിനും ഗുരുതര പരിക്കേറ്റ മാരാരിക്കുളം പൊള്ളേത്തൈ പതിച്ചിറ വീട്ടിൽ സന്തോഷ് (46), പൊന്നാട് മിനി ഹൗസിൽ രജീഷ് കുമാർ (45) എന്നിവർ ചികിത്സയിലാണ്. ശനിയാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു അപകടം. മണ്ണഞ്ചേരി അമ്പലക്കടവ് പൊക്കത്തിൽ സദക്കത്തുള്ളയുടെ വീടിന്റെ നിർമാണജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തിൽപെട്ടത്. വീടിന്റെ രണ്ടാം നിലക്ക് മുകളിലെ സൺ ഷേഡിൽ നിർമിച്ചിരുന്ന കോൺക്രീറ്റ് സ്ലാബിന് മുകളിലിരുന്ന് രജീഷ് കുമാർ സിമന്റ് കട്ട കെട്ടുന്നതിനിടെ സ്ലാബ് താഴേക്ക് പതിക്കുകയായിരുന്നു. സ്ലാബിന് തൊട്ടുതാഴെയിരുന്ന് ഭിത്തിയിൽ സിമന്റ് തേക്കുകയായിരുന്നു പ്രശാന്തും സന്തോഷ്കുമാറും. രജീഷ് കുമാറുമായി താഴേക്ക് പതിച്ച സ്ലാബിനൊപ്പം പ്രശാന്തും വീണ് സ്ലാബിനടിയിൽപ്പെടുകയായിരുന്നു. നാട്ടുകാർ സ്ലാബ് ഉയർത്തിയാണ് പ്രശാന്തിനെ പുറത്തെടുത്തത്. പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രശാന്ത് മരിച്ചു. മൃതദേഹം മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനുശേഷം ഞായറാഴ്ച സംസ്കാരം നടത്തും.
പ്രശാന്തിന്റെ ഭാര്യ വിനീതമോൾ (എറണാകുളം കലക്ടറേറ്റിലെ ഇറിഗേഷൻ വകുപ്പ് ജീവനക്കാരി). മകൾ: കൃഷ്ണവേണി.