പത്തിരിപ്പാല: കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. പത്തിരിപ്പാല മണ്ണൂർ നഗരിപ്പുറം വെങ്ങാലികുന്നിൽ ഉണ്ണികൃഷ്ണന്റെ മകൾ സോന കൃഷ്ണൻ (20) ആണ് മരിച്ചത്. ഒക്ടോബർ 30 ന് രാത്രി 9.30 ഓടെ കൂനത്തറ ആശാദീപത്തിനു സമീപമായിരുന്നു അപകടം. ഒറ്റപ്പാലത്തുനിന്ന് പട്ടാമ്പിയിലേക്ക് പോവുകയായിരുന്ന കാറും പത്തിരിപ്പാല ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോയുമാണ് അപകടത്തിൽപ്പെട്ടത്. ഓട്ടോയിലുണ്ടായിരുന്ന സോനക്ക് സാരമായി പരിക്കേറ്റിരുന്നു.ആദ്യം വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയാണ് മരിച്ചത്. അപകടത്തിൽ ആറുപേർക്ക് പരുക്കേറ്റിരുന്നു. ബാലസംഘം ജില്ല പരിശീലകയും ഡി.വൈ.എഫ്.ഐ പ്രവർത്തകയും നൃത്ത കലാകാരിയുമാണ് സോന കൃഷ്ണൻ. ബിരുദത്തിനുശേഷം സ്വകാര്യ സ്ഥാപനത്തിൽ കമ്പ്യൂട്ടർ പഠനം നടത്തുകയായിരുന്നു. മാതാവ്: സുമാദേവി. സഹോദരി: സോജ കൃഷ്ണൻ.