വളാഞ്ചേരി: സഹോദരൻ ഓടിച്ച സ്കൂട്ടർ കാറിന് പിന്നിലിടിച്ചു മറിഞ്ഞ് യുവതി മരിച്ചു. കാവുംപുറം ഉണ്ണിയേങ്ങൽ യൂസുഫിന്റെ മകൾ ജുമൈലയാണ് (23) മരിച്ചത്. സഹോദരൻ ജാബിർ (32) വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. തിങ്കളാഴ്ച രാവിലെ ഒമ്പതിന് ദേശീയപാതയിൽ വട്ടപ്പാറയിലെ പഴയ സർക്കിൾ ഇൻസ്പെക്ടർ ഓഫിസിനു സമീപമായിരുന്നു അപകടം. യുവതിയുടെ ജോലി ആവശ്യാർഥം സഹോദരനൊപ്പം കോട്ടക്കലിലേക്ക് പോകുകയായിരുന്നു ഇരുവരും.
നിയന്ത്രണംവിട്ട സ്കൂട്ടർ മുന്നിൽ പോവുകയായിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജുമൈല റോഡിലേക്ക് തെറിച്ചുവീണ് സാരമായി പരിക്കേറ്റു. ഉടൻ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അതേസമയം, അപകടത്തിൽ ഉൾപ്പെട്ട കാർ നിർത്താതെ പോയി.
വളാഞ്ചേരി എസ്.എച്ച്.ഒ എൻ.ആർ. സുജിത്ത് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം തൊഴുവാനൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മാതാവ്: സൈനബ. മറ്റുസഹോദരങ്ങൾ: ജംഷീർ, ജസീല, ജസീന.