കാഞ്ഞങ്ങാട്: ആവിക്കര ക്വാർട്ടേഴ്സിൽ വിഷം ഉള്ളിൽചെന്ന് യുവതി മരിച്ചു. എ.കെ.ജി ക്ലബിനടുത്ത് വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന രമയാണ് (45) മരിച്ചത്. ഇവർ പത്തനംതിട്ട സ്വദേശിയെന്ന് പറയുന്നു. രമയുടെ ഭർത്താവെന്ന് കരുതുന്ന വയനാട് സ്വദേശി ജയപ്രകാശ് ഗുരുതര നിലയിൽ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. തിങ്കളാഴ്ച വൈകീട്ട് ക്വാർട്ടേഴ്സിൽ ഇരുവരെയും വിഷം അകത്തുചെന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ജില്ല ആശുപത്രിയിലെത്തിക്കുമ്പോഴേക്കും രമ മരിച്ചു. ഹോട്ടൽ തൊഴിലാളിയാണ് ജയപ്രകാശ്. രണ്ടു വർഷം മുമ്പാണ് ഇവർ ആവിക്കരയിൽ താമസത്തിനെത്തിയത്. ജയപ്രകാശിൽനിന്ന് മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇൻസ്പെക്ടർ കെ.പി. ഷൈനിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സംഭവത്തിൽ കൂടുതൽ വ്യക്തത വന്നിട്ടില്ലെന്ന് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ പറഞ്ഞു.