മറയൂർ: ഫലപ്രദമായ ചികിത്സ ലഭിക്കാതെ വീട്ടിൽ കഴിഞ്ഞതിനെത്തുടർന്ന് മന്ത്രി ഇടപെട്ട് ആശുപത്രിയിലേക്ക് മാറ്റിയ സ്ത്രീ മരിച്ചു. ചിന്നാർ വന്യജീവി സങ്കേതത്തിൽ ചമ്പക്കാട് ആദിവാസി കുടിയിൽ ബിജുവിന്റെ ഭാര്യ വിജയയാണ് (49) മരിച്ചത്. സ്തനാർബുദം പിടിപെട്ട വിജയ ഒരുവർഷമായി കേരളത്തിലും തമിഴ്നാട്ടിലുമായി വിവിധ ആശുപത്രികളിൽ ഇടക്കിടെ ചികിത്സ തേടിയിരുന്നു. എന്നാൽ, തുടർച്ചയായി ചികിത്സ ലഭിക്കാതെ അവശനിലയിലായി വീട്ടിൽ കഴിയുകയായിരുന്നു. വിവരം അറിഞ്ഞ പട്ടികവർഗ ക്ഷേമ മന്ത്രി കെ. രാധാകൃഷ്ണൻ വിജയയെ അടിയന്തരമായി ആശുപത്രിയിൽ എത്തിക്കാൻ നിർദേശിക്കുകയായിരുന്നു. തുടർന്ന് പട്ടികവർഗ വികസന വകുപ്പ് ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പ് അധികൃതരും കുടിയിലെത്തി പരിശോധന നടത്തുകയും മറയൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. ദിവസങ്ങളോളം ചികിത്സയിൽ കഴിഞ്ഞ വിജയ ഞായറാഴ്ച വൈകീട്ട് മൂന്നരയോടെയാണ് മരിച്ചത്. മക്കൾ: അജിത, പ്രിയ. മരുമകൻ: രാജേഷ്.