ആലുവ: പെരിയാറ്റിൽ ചാടിയ വയോധികൻ മരിച്ചു. ആലങ്ങാട് കോട്ടപ്പുറം ഐനിക്കാട് വീട്ടിൽ രവീന്ദ്രൻ നായരാണ് (67) മരിച്ചത്. തിങ്കളാഴ്ച രാവിലെ 11ഓടെ മണപ്പുറം നടപ്പാലത്തിൽനിന്നാണ് പുഴയിൽ ചാടിയത്. അഗ്നിരക്ഷാസേനയും ഉളിയന്നൂർ - കുഞ്ഞുണ്ണിക്കര സ്കൂബാ സംഘവും ഉടൻ തിരച്ചിൽ നടത്തി. രണ്ട് മണിക്കൂറിനുശേഷം സ്കൂബാ സംഘമാണ് മൃതദേഹം കണ്ടെത്തിയത്. സ്വന്തം കാറിൽ മണപ്പുറത്ത് എത്തിയ ഇയാൾ പാലത്തിൽ കയറി പുഴയിൽ ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വസ്ത്രത്തിന്റെ പോക്കറ്റിൽ കാറിന്റെ താക്കോലുമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ മണപ്പുറത്ത് കാർ കണ്ടെത്തി. കാറിന്റെ നമ്പർ പരിശോധിച്ചാണ് മരിച്ചയാളെ പൊലീസ് തിരിച്ചറിഞ്ഞത്. മുൻ ടെൽക് ജീവനക്കാരനാണ് രവീന്ദ്രൻ നായർ.
രാവിലെ പെൻഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് കമ്പനിയിൽ പോകുന്നെന്ന് പറഞ്ഞാണ് വീട്ടിൽനിന്ന് ഇറങ്ങിയത്. ജില്ല ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ചൊവ്വാഴ്ച പോസ്റ്റ് മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് എസ്.ഐ ഹരിദാസ് പറഞ്ഞു. ഭാര്യ: രോഹിണി. മക്കൾ: ജയരാജ്, ബിനുരാജ്.