അങ്കമാലി: ദേശീയപാതയിൽ ചെങ്ങമനാട് പറമ്പയത്ത് പിക്അപ് വാനിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ചേർത്തല പെരുമ്പളം കാക്കാഴത്ത് വീട്ടിൽ ഷാജിയുടെ മകൻ കെ.എസ്. അഖിലാണ് (27) മരിച്ചത്. ബൈക്കിന് പിന്നിൽ സഞ്ചരിച്ച അരൂക്കുറ്റി വയലിൽ വീട്ടിൽ ഹരികൃഷ്ണൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കറുകുറ്റിയിൽ അഖിലിന്റെ പിതൃസഹോദരന്റെ മകളുടെ വിവാഹനിശ്ചയ ചടങ്ങിൽ ഞായറാഴ്ച പങ്കെടുക്കാനെത്തിയതായിരുന്നു. തിങ്കളാഴ്ച പുലർച്ച വീട്ടിലേക്ക് മടങ്ങുമ്പോൾ തമിഴ്നാട്ടിൽനിന്ന് ചേർത്തല ഭാഗത്തേക്ക് ഏത്തക്കായ കയറ്റി പോവുകയായിരുന്ന പിക്അപ് ഇടിച്ചായിരുന്നു അപകടം. റോഡിൽ തലയടിച്ച് വീണ് ചോര വാർന്നൊഴുകി അവശനിലയിലായ അഖിലിനെ ദേശം സി.എ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അങ്കമാലിയിൽനിന്ന് അഗ്നിരക്ഷാസേനയിലെ സ്റ്റേഷൻ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ എൻ.കെ. സോമന്റെ നേതൃത്വത്തിൽ സേനാംഗങ്ങൾ എത്തിയാണ് റോഡ് ഗതാഗത യോഗ്യമാക്കിയത്.അഖിൽ ഇടപ്പള്ളിയിൽ ഫ്രീലാൻസ് ഫോട്ടോഗ്രാഫറാണ്. അവിവാഹിതനാണ്. മാതാവ്: അയിഷ. സഹോദരി: ആതിര.