തിരുവല്ല: ബൈപാസിലെ മഴുവങ്ങാട് ചിറ പാലത്തിൽ പാർസൽ ലോറി ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. മുണ്ടക്കയം വണ്ടൻപതാൽ പുഞ്ചയിൽ വീട്ടിൽ ടി.ജെ. തോമസിന്റെ മകൻ പ്രിജിലാണ് (18) മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെയായിരുന്നു അപകടം. തിരുവല്ല ഭാഗത്തുനിന്ന് ചെങ്ങന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന പ്രിജിൽ ഓടിച്ചിരുന്ന ബൈക്കിൽ എതിർദിശയിൽനിന്ന് വന്ന ലോറി ഇടിക്കുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ലോറിക്ക് പിന്നാലെ വന്ന ഓട്ടോയിലും ഇടിച്ചശേഷം വലതുഭാഗത്തേക്ക് തെറിച്ച് ഓടയിലേക്ക് വീണു. തലക്ക് പരിക്കേറ്റ പ്രിജിലിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ലോറി ഡ്രൈവറെ തിരുവല്ല പൊലീസ് കസ്റ്റഡിയിൽ എടുത്തു.