അടിമാലി: കാണാതായ ബാലനെ തോട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊന്നത്തടി ഇരുമലക്കപ്പ് കുഴിവേലിൽ ബിനോയുടെ മകൻ ആൽബർട്ടിനെയാണ് (12) കൈത്തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് അഞ്ച് മുതലാണ് കുട്ടിയെ കാണാതായത്. നാട്ടുകാരുടെയും പൊലീസിന്റെയും ദിവസങ്ങളായുള്ള അന്വേഷണത്തിനൊടുവിൽ ബുധനാഴ്ച വൈകീട്ട് ആറിന് പെരിഞ്ചാംകുട്ടി വനത്തിലെ ചിന്നാർ ഭാഗത്ത് പാറക്കെട്ടിലൂടെ ഒഴുകുന്ന ചെറിയ കൈതോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പാറത്തോട് സെന്റ് ജോർജ് ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കുശേഷം വ്യാഴാഴ്ച പുറത്തെടുക്കുകയുള്ളൂ. സംഭവത്തിൽ ദുരൂഹതയുള്ളതായി പൊലീസ് പറഞ്ഞു. വീട്ടിൽനിന്ന് 800 മീറ്റർ ദൂരം വരുന്ന തോട്ടിലേക്ക് എളുപ്പ മാർഗത്തിൽ കുട്ടി എത്താൻ സാധ്യതയില്ല. മുൾപ്പടർപ്പ് നിറഞ്ഞ് കിടക്കുന്നതും വലിയ കാടും കിടങ്ങും നിറഞ്ഞതുമായ സ്ഥലമാണ്. മറ്റൊരു വഴിയിലൂടെ മൂന്നരക്കിലോമീറ്റർ സഞ്ചരിച്ച് വേണം മൃതദേഹം കിടക്കുന്നിടത്ത് എത്താൻ. കാണാതായതിനെ തുടർന്ന് ഡോഗ് സ്ക്വാഡിന്റെയടക്കം നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വെള്ളത്തൂവൽ പൊലീസ് സ്ഥലത്തുണ്ട്. മാതാവ്: ബിജി, സഹോദരി: ഹന്ന.