വൈക്കം: രാഷ്ട്രീയ റൈഫിൾസ് സൈനികൻ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരിക്കെ ഡൽഹിയിലെ ആശുപത്രിയിൽ മരിച്ചു. മറവൻതുരുത്ത് അപ്പക്കോട് ഇടമനയിൽ അനിൽകുമാറിന്റെ മകൻ അഖിൽ കുമാറാണ് (26) മരിച്ചത്. ജമ്മുവിൽ സൈനികസേവനം അനുഷ്ഠിക്കുന്നതിനിടെ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്നു. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ഡൽഹി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുദിവസമായി ഇവിടെ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലർച്ചയാണ് മരണം സംഭവിച്ചത്. ശനിയാഴ്ച രാവിലെ 8.30ന് മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച് ഉച്ചയോടെ സൈനിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിക്കും. മൂന്നുമാസം മുമ്പാണ് അഖിൽ കുമാർ മുത്തശ്ശിയുടെ മരണാനന്തരചടങ്ങിനുശേഷം വീട്ടിൽനിന്ന് മടങ്ങിയത്. മാതാവ്: കമലമ്മ. സഹോദരി: അർച്ചന.