വിമാനത്തിൽ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു
പന്തളം: പന്തളം മണ്ണിൽ മനോരമ ഭവനിൽ പരേതനായ എം.കെ. തോമസിന്റെ മകൻ (മുൻ പന്തളം എം. കെ. സ്റ്റോർസ് ബാറ്റ ഷോറൂം ഉടമ) മാത്യു തോമസ് (72) അമേരിക്കയിൽനിന്ന് കേരളത്തിലേക്കുള്ള യാത്രാ മദ്ധ്യേ വിമാനത്തിൽ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.വെള്ളിയാഴ്ച ന്യൂയോർക്കിൽ നിന്നുള്ള ഖത്തർ എയർവേസ് വിമാനത്തിൽ ദോഹ എയർപോർട്ടിൽ ഭാര്യക്കൊപ്പം വന്നിറങ്ങിയശേഷം കേരളത്തിലേക്ക് ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യുമ്പോഴാണ് ഹൃദയാഘാതം ഉണ്ടായത്. വിമാനത്തിന്റെ പൈലറ്റ് അടിയന്തര സാഹചര്യം കണക്കിലെടുത്ത് വിമാനം മുംബൈ എയർപോർട്ടിലേക്ക് തിരിച്ചുവിട്ടു. വിമാനം ലാൻഡ് ചെയ്ത് ഉടൻ ആംബുലൻസിൽ മുംബൈ നാനാവതി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നാട്ടിൽ ഭാര്യക്കൊപ്പം സഹോദരന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ തിരിച്ചതായിരുന്നു. ഭാര്യ: റോസി മാത്യു. മക്കൾ: തോമസ് മാത്യു, കുര്യൻ മാത്യു. മൃതദേഹം മുംബൈ നാനാവതി ആശുപത്രി മോർച്ചറിയിൽ. അമേരിക്കയിലുള്ള മക്കൾ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.