ഭാര്യക്ക് ഗുരുതര പരിക്ക്
അടൂർ: എം.സി റോഡിൽ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിച്ച് ഭർത്താവ് മരിച്ചു. ഭാര്യക്ക് ഗുരുതര പരിക്കേറ്റു. പുതുശ്ശേരിഭാഗം മണപ്പുറത്ത് അലക്സ് വില്ലയിൽ റിട്ട. സി.ആർ.പി.എഫ് ഇൻസ്പെക്ടർ അലക്സ് പി. ഉമ്മനാണ് (61) മരിച്ചത്. ഭാര്യ സിനിയെ ഗുരുതര പരിക്കോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ 9.30നാണ് സംഭവം. ഇരുവരും സ്കൂട്ടറിൽ വീട്ടിലേക്ക് തിരിയുമ്പോൾ ഏനാത്ത് ഭാഗത്തുനിന്ന് അമിത വേഗത്തിൽ എത്തിയ കാർ കെ.എസ്.ആർ.ടി.സി ബസിനെ മറികടന്നെത്തി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇരുവരെയും നാട്ടുകാർ ഉടനെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മക്കൾ: അബിൻ അലക്സ്, അൽവിൻ അലക്സ്.