കട്ടപ്പന: ബസിൽ കയറാൻ ശ്രമിക്കവെ യാത്രക്കാരൻ വാഹനങ്ങൾക്ക് ഇടയിൽപെട്ട് മരിച്ചു. അണക്കര സുൽത്താൻകടയിൽ വാടകക്ക് താമസിക്കുന്ന തമിഴ്നാട് തെങ്കാശി അച്ചൻപുത്തൂർ സ്വദേശി അബ്ദുൽ വഹാബാണ് (51) മരിച്ചത്. ശനിയാഴ്ച വൈകീട്ട് നാലോടെ കട്ടപ്പന മാർക്കറ്റിന് സമീപത്തെ ബസ് സ്റ്റോപ്പിലാണ് സംഭവം. കുമളി ഭാഗത്തേക്കുള്ള ബസിൽ കയറാൻ റോഡ് മുറിച്ചുകടന്ന ഇദ്ദേഹം ബസിന്റെ പുറകുവശത്ത് കൂടി എത്തിയപ്പോൾ പിന്നിലുണ്ടായിരുന്ന ജീപ്പിൽ മറ്റൊരു ബസ് ഇടിച്ചു. തുടർന്ന് ജീപ്പ് മുന്നോട്ട് നീങ്ങുകയും ഇദ്ദേഹം ബസിനും ജീപ്പിനും ഇടയിൽപെടുകയുമായിരുന്നു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. കട്ടപ്പന പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി. ഭാര്യ ആമിന. മക്കൾ: മുജീബ്, ബിസ്മി.