പെരിന്തൽമണ്ണ/ചെർപ്പുളശ്ശേരി: ഞായറാഴ്ച വൈകീട്ട് തൂതപ്പുഴ തോണിക്കടവിൽ ഒഴുക്കിൽപ്പെട്ടയാളുടെ മൃതദേഹം കണ്ടെത്തി. ചെർപ്പുളശ്ശേരി ഇരുപത്തിയാറാം മൈൽ സ്വദേശി പരേതനായ മാറുകര ഏന്തീന്റെ മകൻ മുഹമ്മദ് അഷ്റഫ് (57) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 9.30ഓടെയാണ് മൃതദേഹം കണ്ടത്.ഞായറാഴ്ച ഉച്ചക്കുശേഷം മൂന്നോടെയാണ് തോണിക്കടവിന് സമീപം ഒരാൾ മുങ്ങിത്താഴുന്നതായി നാട്ടുകാർ കണ്ടത്. തുടർന്ന് പൊലീസിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി വരെ മുങ്ങൽ വിദഗ്ധർ അടക്കമുള്ള സംഘം തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല.തിങ്കളാഴ്ച രാവിലെ കടവിനോട് ചേർന്ന് മൃതദേഹം പ്രദേശവാസികൾ കാണുകയായിരുന്നു. പൊലീസ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.മാതാവ്: പരേതയായ ഇത്തീമ. ഭാര്യ: ആയിശ. മകൻ: മുഹമ്മദ് സുഹൈൽ. സഹേദരങ്ങൾ: അബ്ബാസലി, മുഹമ്മദ് കാസിം, നസീർ, സഫിയ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 8.30ന് ഇരുപത്തിയാറാം മൈൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ