ആലപ്പുഴ/മണ്ണഞ്ചേരി: ലോഡ് ഇറക്കുന്നതിനിടെ ടിപ്പർ ലോറിയുടെ പിൻവശത്തെ ഡോർ തലയിലിടിച്ച് ഉടമക്ക് ദാരുണാന്ത്യം. മണ്ണഞ്ചേരി പൊന്നാട് വാഴയിൽ മൈതീൻകുഞ്ഞ് മേത്തറുടെ (മണിയുടെ) മകൻ താജുദ്ദീൻ (52) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 8.30ന് ആലപ്പുഴ ബീച്ചിലെ വിജയ് പാർക്കിന് സമീപമായിരുന്നു അപകടം. ലോഡിറക്കുന്നതിനിടെ പിൻവശത്തെ ഡോർ തനിയെ തുറന്നില്ല. തുടർന്ന് ജെ.സി.ബി ഉപയോഗിച്ച് ഡോർ തുറന്ന് ലോഡിറക്കി. ലോഡ് പൂർണമായും ഇറങ്ങിയോയെന്ന് പരിശോധിക്കാൻ ക്ലീനർ കൂടിയായ താജുദ്ദീൻ തലയിട്ട് നോക്കിയപ്പോൾ ടിപ്പറിന്റെ ഡോർ വന്നിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ആലപ്പുഴ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വിട്ടുകൊടുത്ത മൃതദേഹം പൊന്നാട് മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മാതാവ്: പരേതയായ ബീവികുഞ്ഞ്. ഭാര്യ: ഷമി. മക്കൾ: ആഷിഖ്, ഹുസൈൻ, ഇഹ്സാൻ.