മുഹമ്മ: അന്തർസംസ്ഥാന തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു. ഒഡിഷ പുരി ജില്ലയിൽ ഛട്ടാബാറിൽ ബർണഗിരി അമിർത്ത്സായുടെ മകൻ ചന്ദ്രകാന്ത് സുവായ് (24) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ച 12ന് ശേഷമുണ്ടായ ഇടിമിന്നലിൽ പ്രസിങ് മെഷീന്റെ ലിവറിൽനിന്നാണ് വൈദ്യുതാഘാതമേറ്റത്. കൂടെയുണ്ടായിരുന്ന മറ്റ് തൊഴിലാളികൾ ഫ്യൂസ് ഊരി വൈദ്യുതിബന്ധം വേർപെടുത്തിയശേഷം ഇയാളെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൈക്ക് സാരമായി പൊള്ളലേറ്റിരുന്നു. മുഹമ്മ ലേബർ ക്വയർ മാറ്റ്സ് ആൻഡ് മാറ്റിങ്സ് കമ്പനിയുടെ വക കെട്ടിടത്തിന്റെ ഒരു ഭാഗം ലീസിനെടുത്ത് കോട്ടയം പൂവംതുരുത്ത് സിബ്കോ ക്വയർ മാറ്റ്സ് റബേഴ്സ് എന്ന സ്ഥാപനം മൂന്ന് വർഷമായി പ്രവർത്തിച്ചുവരുകയാണ്. 10 അന്തർ സംസ്ഥാന തൊഴിലാളികളാണ് റബർ തടുക്ക് കമ്പനിയിൽ തൊഴിൽ ചെയ്തിരുന്നത്. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം മൃതദേഹം ഒഡിഷയിലേക്ക് കൊണ്ടുപോകും