മറയൂർ: മറയൂരിൽ ചന്ദനം കൊണ്ടുപോകാൻ എത്തിയ ലോറിയുടെ ഡ്രൈവർ മരിച്ച നിലയിൽ. കർണാടകയിലെ ഗുരുപരഹള്ളി സ്വദേശി രഘുഗൗഡയെയാണ് (31) മറയൂർ സി.പി.എം ഏരിയ കമ്മിറ്റി ഓഫിസിന് മുകളിൽനിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.
ഒക്ടോബറിൽ മറയൂരിൽ നടന്ന ലേലത്തിൽ മൈസൂരു ആസ്ഥാനമായ കർണാടക സോപ്സ് കമ്പനി പിടിച്ച ചന്ദനം കൊണ്ടുപോകാൻ കമ്പനി അധികൃതരും ലോറിയും എത്തിയിരുന്നു. ലോറി ഡ്രൈവർ രഘുഗൗഡ ഉൾപ്പെടെയുള്ളവർ മറയൂർ ടൗണിലെ ലോഡ്ജിൽ താമസിച്ചു. രാത്രി 11ഓടെ രഘു ഓട്ടോ വിളിച്ച് കോവിൽകടവിൽ എത്തി കുപ്പിവെള്ളം വാങ്ങി. തിരിച്ചു പോകും വഴി ഭക്ഷണം കഴിക്കണമെന്ന് പറഞ്ഞതോടെ ഓട്ടോ ഡ്രൈവർ മേലടി സ്വദേശി രാജേഷ് സി.പി.എം പാർട്ടി ഓഫിസിനടുത്തുള്ള ഹോട്ടലിന് സമീപം ഓട്ടോ നിർത്താൻ ശ്രമിക്കുന്നതിനിടെ മദ്യലഹരിയിലായിരുന്ന രഘു ചാടി ഇറങ്ങിയതായി പറയുന്നു. രാവിലെ ഇതുവഴി നടന്നുപോയവരാണ് സി.പി.എം മറയൂർ നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. മണികണ്ഠനെ വിവരം അറിയിച്ചത്. മറയൂർ എസ്.എച്ച്.ഒ പി.ടി. ബിജോയുടെ നേതൃത്വത്തിൽ പൊലീസെത്തി പരിശോധിച്ചപ്പോൾ മരിച്ചിരുന്നു. മൂന്നാർ ഡിവൈ.എസ്.പി എ.വി. മനോജും വിരലടയാള വിദഗ്ധരും സംഭവസ്ഥലം സന്ദർശിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.