അടൂർ: കുളക്കടയിൽ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു. കുളക്കട ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ വി.എച്ച്.എസ്.ഇ രണ്ടാം വർഷ വിദ്യാർഥി അലൻ അലക്സ് പണിക്കർ ആണ് (17) മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ സ്കൂളിന് മുന്നിലായിരുന്നു അപകടം. ഹൈവേ പൊലീസും ഹോംഗാർഡും ചേർന്ന് കുട്ടികളെ സ്കൂളിന്റെ എതിർവശത്തുനിന്ന് റോഡ് മുറിച്ച് സ്കൂളിലേക്ക് കടത്തിവിടുമ്പോൾ പൊലീസ് കൈകാണിച്ചിട്ടും നിർത്താതെ വന്ന ബൈക്ക് അലനെയും കൂടെയുണ്ടായിരുന്ന സുഹൃത്ത് സൂരജിനെയും ഇടിക്കുകയായിരുന്നു. വയറിനും കാലിനും ഗുരുതര പരിക്കേറ്റ അലനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും സാരമായി പരിക്കേറ്റ സൂരജിനെ കൊട്ടാരക്കര താലൂക്കാശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഏനാത്ത് ഇളങ്കമംഗലം കുളഞ്ഞിയിൽ അലക്സ് വില്ലയിൽ പരേതനായ എം.ജി. അലക്സാണ്ടറുടെയും കുഞ്ഞുമോളുടെയും ഇളയമകനാണ് അലൻ. സഹോദരൻ: ആൽവിൻ അലക്സ് പണിക്കർ. മൃതദേഹം വെള്ളിയാഴ്ച ഉച്ചക്ക് 12ന് സ്കൂളിൽ പൊതുദർശനത്തിനു വെക്കും. സംസ്കാരം വൈകീട്ട് മൂന്നിന് ഏനാത്ത് സെന്റ് കുര്യാക്കോസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.