എരുമേലി: വാഹനത്തിനുള്ളിൽ അധ്യാപകനെ മരിച്ചനിലയിൽ കണ്ടെത്തി. ചാത്തൻതറ, കൊല്ലമുള ഓമണ്ണിൽ പരേതനായ യൂസഫിന്റെ മകൻ ഷെഫി യൂസഫാണ് (33) മരിച്ചത്. വ്യാഴാഴ്ച രാവിലെ ചരളക്ക് സമീപത്താണ് കാറിൽ ഷെഫിയെ പ്രദേശവാസികൾ കണ്ടത്. സംശയം തോന്നിയ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് എരുമേലി പൊലീസെത്തി കാറിന്റെ ഗ്ലാസ് പൊട്ടിച്ച് ഷെഫിയെ പുറത്തെടുക്കുകയായിരുന്നു. ഉടനെ എരുമേലി സാമൂഹികാരോഗ്യകേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കൂവപ്പള്ളി ഗവ. ടെക്നിക്കൽ ഹൈസ്കൂളിലെ അധ്യാപകനാണ്. സ്കൂളിലേക്ക് പോകുംവഴി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കാർ റോഡരികിൽ ഒതുക്കിയെങ്കിലും കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് കരുതുന്നു. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. മാതാവ്: സോഫി, ഭാര്യ: ഷാനിദ, മകൻ: സലാഹ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് ചാത്തൻതറ തബ് ലീഗുൽ ഇസ്ലാം ജമാഅത്ത് ഖബർസ്ഥാനിൽ.