പൊൻകുന്നം: അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന സ്കൂട്ടർ യാത്രികൻ മരിച്ചു. ചെറുവള്ളി കാവുംഭാഗം പുതിയേടത്ത് പ്രഭാകരൻ നായരുടെ മകൻ രതീഷാണ് (40) മരിച്ചത്. ശനിയാഴ്ച രാത്രി 9.30ന് പുനലൂർ-പൊൻകുന്നം ഹൈവേയിലാണ് അപകടം. ഇടിച്ചവാഹനം നിർത്താതെ പോയി. രതീഷ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകീട്ടാണ് മരിച്ചത്.ചെറുവള്ളി അമ്പലം കവലയിൽ ഓട്ടോ ഡ്രൈവറായിരുന്നു രതീഷ്. ബി.എം.എസ് യൂനിറ്റ് അംഗമായിരുന്നു. പൊലീസ് ഫോറൻസിക് പരിശോധന നടത്തിയെങ്കിലും ഇടിച്ച വാഹനത്തെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ല. അപകടം നടന്നയുടൻ ഇതുവഴി കടന്നുപോയത് കണ്ടെയ്നർ ലോറികളായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞെങ്കിലും വാഹനത്തെക്കുറിച്ച് സ്ഥിരീകരണമില്ല. നാലുമാസം മുമ്പ് ഇതേ റോഡിൽ ചെറുവള്ളി മണ്ണനാനിയിൽ അജ്ഞാത വാഹനമിടിച്ച് മറ്റൊരാളും മരിച്ചിരുന്നു. ഈ അപകടത്തിൽ ഉൾപ്പെട്ട വാഹനവും കണ്ടെത്തിയില്ല. ഹൈവേയിൽ കാമറകളില്ലാത്തതിനാൽ രണ്ടപകടങ്ങളിലും വാഹനങ്ങൾ തിരിച്ചറിയാനായിട്ടില്ല. മാതാവ്: രാധാമണി. സഹോദരങ്ങൾ: പി. വേണുഗോപാൽ, രാജേഷ് പി. നായർ. സംസ്കാരം വെള്ളിയാഴ്ച രാത്രി എട്ടിന് വീട്ടുവളപ്പിൽ.