ആറാട്ടുപുഴ: കുത്തിയോട്ട സ്ഥലത്ത് വൈദ്യുതി ബൾബുകൾ അലങ്കരിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. കണ്ടല്ലൂർ പഞ്ചായത്ത് എട്ടാം വാർഡിൽ കൊച്ചുപുരക്കൽ തറയിൽ നന്ദകുമാറാണ് (22) മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെ വേലഞ്ചിറക്ക് പടിഞ്ഞാറ് ആനവിരുത്തിൽ കാവിന് സമീപമാണ് സംഭവം. ഷോക്കേറ്റ് നിലത്തുവീണ നന്ദകുമാറിനെ ഉടൻ സുഹൃത്തുക്കൾ വേലഞ്ചിറയിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ എത്തിച്ച് ചികിത്സ നൽകി. തുടർന്ന് കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് മരിച്ചത്. എല്ലാ വർഷവും മണ്ഡലകാലത്ത് കുത്തിയോട്ടം അവതരിപ്പിക്കാറുള്ള സംഘത്തിലെ അംഗമായിരുന്നു നന്ദകുമാർ. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പിതാവ്: പരേതനായ രാധാകൃഷ്ണൻ. മാതാവ്: വിജയകുമാരി. സഹോദരി: രേവതി. സംസ്കാരം വെള്ളിയാഴ്ച നടക്കും.