അങ്കമാലി: വഴിയാത്രക്കാരനെ ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കുറുമശ്ശേരി ചീരകത്തിൽ വീട്ടിൽ ജേക്കബിന്റെ മകൻ റോണിയാണ് (23) മരിച്ചത്. ബൈക്കിടിച്ച് പരിക്കേറ്റ വഴിയാത്രക്കാരനായ പൊയ്ക്കാട്ടുശ്ശേരി കൂടമനപ്പറമ്പിൽ വീട്ടിൽ കൃഷ്ണനെ (54) അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് 6.40 ഓടെ പൊയ്ക്കാട്ടുശ്ശേരി ചൂണ്ടാംതുരുത്തി പാലത്തിന് സമീപമാണ് സംഭവം. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ എയർടിക്കറ്റ് ഓഫിസ് ജീവനക്കാരനായ റോണി വീട്ടിൽനിന്ന് ജോലിക്ക് പോകുമ്പോഴായിരുന്നു അപകടം. റോഡിൽ തെറിച്ച് വീണ റോണിയെ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: വാപ്പാലശ്ശേരി എടക്കളത്തൂർ കുടുംബാംഗം മോളി. സഹോദരി: റിനി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് കുറുമശ്ശേരി ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ.