ഗൂഡല്ലൂർ: വൈദ്യുതി പോസ്റ്റിൽ കൈവെച്ച തോട്ടം തൊഴിലാളിയായ സ്ത്രീ ഷോക്കേറ്റു മരിച്ചു. ദേവർഷോല എസ്റ്റേറ്റ് ഒന്നാം ഡിവിഷനിലെ തൊഴിലാളി ജയമണിയാണ് (52) മരിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടേകാലോടെയാണ് സംഭവം. സർക്കാർമൂലക്കു സമീപം തേയിലക്കാട്ടിൽ അടിക്കാട് വെട്ടാൻ ഇറങ്ങിയ ജയമണിക്ക് വൈദ്യുതിക്കമ്പിയിൽ പിടിച്ചപ്പോഴാണ് ഷോക്കേറ്റത്. ഹൈടെൻഷൻ ലൈനിന്റെ കമ്പിയിലെ കപ്പ് പൊട്ടി ലൈൻ കമ്പി പോസ്റ്റിൽ തട്ടിയിരുന്നു. ഇതുകാരണം പോസ്റ്റിൽ വൈദ്യുതിപ്രവാഹം ഉണ്ടായിരുന്നു. ജയമണി പോസ്റ്റിൽ പിടിച്ചതും വൈദ്യുതി പ്രവഹിച്ചു. ഇതാണ് അപകടത്തിന് കാരണമായത്. ജയമണി പിടയുന്നതു കണ്ട് കൂടെയുണ്ടായിരുന്ന നീലിസിദ്ധി രക്ഷപ്പെടുത്താൻ പിടിച്ചെങ്കിലും അവരും ഷോക്കേറ്റ് തെറിച്ചുവീണു. സംഭവസ്ഥലത്തുതന്നെ ജയമണി മരിച്ചു. നീലസിദ്ധിയെ ഉടനെ ഗൂഡല്ലൂർ ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയി.
തൊഴിലാളികൾ മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കാതെ റോഡ് ഉപരോധം നടത്തി. തുടർന്ന് വൈദ്യുതി ബോർഡ് അധികൃതരെത്തി ജയമണിയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപയും എസ്റ്റേറ്റ് അധികൃതർ ആറു ലക്ഷം രൂപയും നഷ്ടപരിഹാരം നൽകുമെന്ന് ഉറപ്പുനൽകിയതോടെ ഉപരോധം അവസാനിപ്പിച്ചു. വൈകീട്ട് മൂന്നരയോടെ മൃതദേഹം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലേക്കു മാറ്റി. ജയമണിയുടെ ഭർത്താവ്: ചിന്നപ്പൻ. മക്കൾ: ദേവരാജ്, ശിവരാജ്, അശ്വനി.