കൊല്ലങ്കോട്: വിളനാശംമൂലം പലിശക്ക് വാങ്ങിയ പണം തിരിച്ചടക്കാൻ വഴിയില്ലാതെ കർഷകൻ ജീവനൊടുക്കി. പെരുവമ്പ് കറുകമണി കോവിലകംകളം രാമകൃഷ്ണന്റെ മകൻ മുരളീധരനാണ് (48) തൂങ്ങിമരിച്ചത്. ബുധനാഴ്ച രാവിലെയാണ് വീടിന് അടുത്തുള്ള കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒമ്പത് ഏക്കർ പാടം പാട്ടത്തിനെടുത്ത് നെൽകൃഷി ചെയ്ത മുരളീധരന് കള വർധിച്ചതിനാൽ വിളവ് വളരെ കുറഞ്ഞിരുന്നു.സ്വകാര്യ പണമിടപാടുകാരിൽനിന്ന് പണം പലിശക്ക് വാങ്ങിയാണ് കൃഷി ഇറക്കിയത്. വായ്പ തിരിച്ചടവ് വഴിമുട്ടിയതോടെയാണ് മരിച്ചത്. രണ്ടാഴ്ച മുമ്പ് നെല്ല് വിളവെടുക്കാൻ പ്രായമായിരുന്നു.പ്രദേശം ചളി നിറഞ്ഞ ഇടമായതിനാൽ ഭാരമുള്ള കൊയ്ത്തുയന്ത്രം ഇറക്കാൻ കഴിഞ്ഞിരുന്നില്ല. ഭാരം കുറഞ്ഞ കൊയ്ത്തുയന്ത്രത്തിന് മണിക്കൂറിന് 2300 രൂപയാണ് വാടക. ഇത്രയും പണം നൽകി കൊയ്ത്ത് നടത്തിയാൽ നെല്ല് കടത്തുന്നതിനുള്ള ട്രാക്ടർ വാടക പോലും തിരികെ ലഭിക്കാത്ത അവസ്ഥയിൽ വളരെയധികം അസ്വസ്ഥനായിരുന്നു മുരളീധരൻ എന്ന് ബന്ധുക്കൾ പറഞ്ഞു.മുമ്പും കൃഷിനാശത്തെതുടർന്ന് മുരളീധരന് വൻ കടബാധ്യത വന്നിരുന്നു. സ്വന്തം വീടും കൃഷിയിടവും വിറ്റ് കടംവീട്ടിയ മുരളീധൻ, പിന്നീട് ബന്ധുവിന്റെ പാടം പാട്ടത്തിനെടുത്താണ് കൃഷി ചെയ്തുവന്നിരുന്നത്. കടബാധ്യതമൂലം വിറ്റ വീട് വാടകക്ക് എടുത്താണ് മുരളീധരനും സഹോദരൻ ഗോപാലകൃഷ്ണനും ഇപ്പോൾ താമസിക്കുന്നത്. ഇരുവരും അവിവാഹിതരാണ്.സ്വകാര്യ പണമിടപാടുകാരിൽനിന്ന് മുരളീധരൻ മൂന്നു ലക്ഷത്തിലധികം രൂപ വായ്പ വാങ്ങിയതായും ബന്ധുക്കളുടെ സ്വർണം പണയപ്പെടുത്തിയിരുന്നതായും ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. പുതുനഗരം ഇൻസ്പെക്ടർ ദീപകുമാറിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് ചെയ്തു. പാലക്കാട് ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മാതാവ്: പരേതയായ കുഞ്ച. സഹോദരങ്ങൾ: സത്യപ്രകാശ്, ഗോപാലകൃഷ്ണൻ, ചെമ്പകവല്ലി, ഇന്ദിര.