ഒരാൾക്ക് പരിക്കേറ്റു
മുഴപ്പിലങ്ങാട്: പാർസൽ ലോറിയും ട്രെയിലർ ലോറിയും കൂട്ടിയിടിച്ച് വയനാട് സ്വദേശിയായ ഡ്രൈവർ മരിച്ചു. പടിഞ്ഞാറത്തറ സ്വദേശി എ.സി. സുബൈർ (49) ആണ് മരിച്ചത്. മറ്റൊരു ഡ്രൈവറായ കോഴിക്കോട് സ്വദേശി ജാബിറിന് (40) നിസ്സാര പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ച അഞ്ചിന് മുഴപ്പിലങ്ങാട് യൂത്ത് ജങ്ഷനിലായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തുനിന്ന് വന്ന ട്രെയിലറിന് പിന്നാലെ അതേ ദിശയിൽനിന്നുവന്ന പാർസൽ ലോറി ഇടിക്കുകയായിരുന്നു. പാർസൽ ലോറിയിലെ ഡ്രൈവറാണ് സുബൈർ. അപകട സമയത്ത് ജാബിറാണ് ലോറി ഓടിച്ചത്. ഡ്രൈവറുടെ സീറ്റിന് ഇടതുഭാഗത്ത് ഇരിക്കുകയായിരുന്ന സുബൈർ ലോറിയുടെ കാബിനിൽ കുടുങ്ങിപ്പോയിരുന്നു. രക്ഷാപ്രവർത്തകർ കാബിൻ തകർത്താണ് പുറത്തെടുത്ത്. പൊലീസ് വാഹനത്തിൽ ഉടൻ ചാലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പടിഞ്ഞാറത്തറ വാരമ്പറ്റ പന്തിപൊയിലിലെ പരേതനായ ആറങ്ങാടൻ മുഹമ്മദ് ഹാജിയുടെയും നബീസയുടെയും മകനാണ് സുബൈർ. ഭാര്യ: ഹാജറ. മക്കൾ: അബ്ദുസ്സമദ് (ബഹ്റൈൻ), ഷംന. സഹോദരങ്ങൾ: സഫ്രിയ, റുഖിയ (കോഴിക്കോട്). സുബൈറിന്റെ മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി വയനാട്ടിലേക്ക് കൊണ്ടുപോയി. വിദേശത്തുള്ള മകൻ എത്തിയശേഷമായിരിക്കും ഖബറടക്കമെന്ന് ബന്ധുക്കൾ അറിയിച്ചു.