വടക്കഞ്ചേരി: ദേശീയപാത പന്തലാംപാടത്തിന് സമീപം നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് ഒരാൾ മരിച്ചു. തൃശൂർ പുത്തൂർ വെട്ടുകാട് തേർമഠത്തിൽ സുകുമാരന്റെ മകൻ വിമലാണ് (22) മരിച്ചത്. ചൊവ്വാഴ്ച രാത്രി 11.30ഓടെയായിരുന്നു അപകടം. തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ പന്തലാംപാടം പെട്രോൾ പമ്പിനുമുന്നിലാണ് ലോറിയിലേക്ക് ഇടിച്ചുകയറിയത്. കാറിന്റെ പകുതിഭാഗം പൂർണമായും ലോറിയുടെ ഉള്ളിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു. അഗ്നിരക്ഷാസേനയും ഹൈവേ എമർജൻസി എക്സിറ്റ് െറസ്ക്യൂ ടീമും ഹൈവേ പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അരമണിക്കൂറോളമെടുത്താണ് കാർ പുറത്തേക്കെടുത്തത്. തുടർന്ന് കാറിന്റെ ഭാഗങ്ങൾ വെട്ടിപ്പൊളിച്ച് വിമലിനെ പുറത്തെടുത്ത് തൃശൂർ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.വെൽഡിങ് തൊഴിലാളിയായ വിമൽ കോയമ്പത്തൂരിൽനിന്ന് വെൽഡിങ് സാധനങ്ങൾ വാങ്ങി തിരികെ വരുമ്പോഴാണ് അപകടം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10 ന് മണ്ണുത്തി കൊഴുക്കുള്ളി ശ്മശാനത്തിൽ. മാതാവ്: പ്രീത. സഹോദരങ്ങൾ: വിഷ്ണു, വിജി.