കൊല്ലങ്കോട്: നിയന്ത്രണംവിട്ട ബൈക്കിൽനിന്ന് തെറിച്ചുവീണ് ഓട്ടോറിക്ഷയിൽ തലയടിച്ചു വീണ് പരിക്കേറ്റ യുവാവ് മരിച്ചു. പല്ലാവൂർ എരട്ടോട് മണികണ്ഠന്റെ മകൻ ശ്യാമൽ (22) ആണ് മരിച്ചത്.ചൊവ്വാഴ്ച വൈകീട്ട് 6.30ന് മംഗലം ഗോവിന്ദാപുരം സംസ്ഥാന പാതയിൽ വിത്തനശ്ശേരി വായനശാലക്ക് സമീപമാണ് അപകടം നടന്നത്. മൂന്നാറിൽ ഹോട്ടൽ ജീവനക്കാരനായ ശ്യാമൽ ചൊവ്വാഴ്ചയാണ് നാട്ടിലെത്തിയത്. മാതൃ സഹോദരീ പുത്രനായ വണ്ടാഴി ചേരുംകാട് മോഹനൻ (28) ഓടിച്ച ബൈക്കിന് പിന്നിലിരുന്ന് വിത്തനശ്ശേരിയിലെ തറവാട് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം.ഗുരുതര പരിക്കേറ്റ ശ്യാമലിനെ നെന്മാറ സി.എച്ച്.സിയിൽ എത്തിച്ച ശേഷം നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചക്ക് 1.30നാണ് മരിച്ചത്. മാതാവ്: ശങ്കുന്തള. സഹോദരി: ശ്യാമിലി.