പറളി: രാവിലെ കടയിൽനിന്ന് പാൽ വാങ്ങി നടന്നുപോകുന്നതിനിടെ ഓട്ടോ ഇടിച്ച് സ്കൂൾ പ്രിൻസിപ്പൽ മരിച്ചു. കല്ലേക്കാട് വ്യാസ വിദ്യാപീഠം സ്കൂൾ പ്രിൻസിപ്പൽ ജി. ദേവനാണ് (59) മരിച്ചത്. പാലക്കാട്-കുളപ്പുള്ളി സംസ്ഥാനപാതയിൽ പറളിക്കടുത്ത് എടത്തറയിൽ വെള്ളിയാഴ്ച രാവിലെ ആറിനാണ് അപകടം. ഗുരുതര പരിക്കേറ്റ ദേവനെ ആദ്യം കല്ലേക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പാലക്കാട് ജില്ല ആശുപത്രിയിലും അവിടെനിന്ന് കോയമ്പത്തൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. വിക്ടോറിയ കോളജിലെ മുൻ അധ്യാപകനായിരുന്നു. കണ്ണമ്പ്ര സ്വദേശിയായ ദേവനും കുടുംബവും കുറച്ചുകാലമായി എടത്തറയിലാണ് താമസം. ഭാര്യ: ഷൈജ (പാലക്കാട് ഗവ. മോയൻ ഗേൾസ് സ്കൂൾ അധ്യാപിക). മക്കൾ: ദേവിക (പോണ്ടിച്ചേരി ബിരുദ വിദ്യാർഥി), നന്ദന (കല്ലേക്കാട് വ്യാസ വിദ്യാപീഠം സ്കൂൾ പ്ലസ് ടു വിദ്യാർഥിനി). മങ്കര പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം കോയമ്പത്തൂർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.